Wednesday 9 November 2011

നിങ്ങളറിയാന്‍

നിങ്ങളെ  പോലെ  എന്‍റെ ഉള്ളിലുമുണ്ട് ; ജീവന്‍റെ തുടിപ്പും , സുഖദുഃഖങ്ങളോടുള്ള  തിരിച്ചറിവും, സന്തോഷവും  ദുഖവും  പ്രകടമാക്കാനുള്ള കഴിവും ഒക്കെ.
ഒരു പക്ഷെ  നമ്മുടെ രീതികള്‍  രണ്ടാവം.
ഞാനും  നിങ്ങളും തമ്മിലുള്ള  വ്യത്യാസം ഒന്നുമാത്രം - 'ഞാന്‍ നിങ്ങളെ അറിയുന്നു , നിങ്ങളുടെ  വികാരങ്ങള്‍ അറിയുന്നു ; നിങ്ങള്‍  എന്നെ  അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നില്ല' .

എന്‍റെയും നിങ്ങളുടെയും  ജീവന്‍റെ തുടിപ്പുകള്‍  ഒന്നാണ്.
ഞാനും  നിങ്ങളെപോലെ ഒരു ജീവിതത്തിന്‍റെ ബാക്കി  പത്രമാണ്.
എന്നിട്ടും എന്തുകൊണ്ടോ നിങ്ങള്‍ എന്നെ അറിയുന്നില്ല.

നിങ്ങളോട്  ചോദിക്കാനുള്ള ഒരുപാട് ചോദ്യങ്ങള്‍  എന്‍റെ ഉള്ളില്‍ ശ്വാസം മുട്ടി  മരിച്ചുകൊണ്ടിരിക്കുന്നു.......

എന്നെ അറിയാന്‍ ശ്രമിക്കാത്ത നിങ്ങള്‍ എങ്ങനെ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം  നല്‍കും ? ?  
 എന്‍റെ ഈ പുലമ്പല്‍  നിങ്ങള്‍ക്ക് ഭ്രാന്തമായി തോന്നാം. സ്വാഭാവികം !

എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒന്നുണ്ട് ;
എന്തിനാണ് അയാള്‍  എന്നെ മറ്റുള്ളവരില്‍നിന്നു അകറ്റി  നിര്‍ത്തുന്നത്  എന്ന്  ? ?

ഞാനിന്ന്‌ ഒറ്റയ്ക്കാണ് ! !
മരണം വരെ ഒറ്റയ്ക്കായിരിക്കും , അയാള്‍ കാരണം .

സ്വന്തം ആയുസ്സിന്‍റെ കണക്ക്  അറിയാത്ത അയാള്‍,എന്‍റെ ആയുസ്സിന്‍റെ വിധി നിര്‍ണയിക്കുന്നൂ........ കഷ്ടം !
അയാള്‍ അറിയാനിരിക്കുന്നതേയുള്ളൂ,കണ്ടാല്‍ തോന്നുന്ന ക്ഷീണം എന്‍റെ ഉള്ളിലെ പച്ചപ്പിന്നെ ബാധിച്ചിട്ടില്ല എന്ന്.

ഞാനാരോടായീ പറയുന്നത് ? ?
നിങ്ങളും അയാളുടെ കൂട്ടാളികള്‍ അല്ലേ ?
അയാളുടെ കുറുപ്പടി കണ്ട്‌ , സത്യം എന്തെന്ന് അറിയാതെ എന്നെ ഭയന്നോടുന്നവര്‍ ........

ഞാനീ പറയുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലാ എന്ന് എനിക്ക് അറിയാം ,
എങ്കിലും മനസ്സിനെന്തൊരാശ്വാസം.

ഓര്‍മ്മവച്ച നാള്‍മുതല്‍ ആരെങ്കിലും ഒക്കെ കൂട്ടിനുണ്ടായിരുന്നു...........
ഇന്നിപ്പോ.........
ഇനിയുള്ള നാളുകളും ശൂന്യം ! 

എത്രയെത്ര യുവ മിഥുനങ്ങള്‍ കൂട്ടിനുണ്ടായിരുന്ന ഞാന്‍ ,
ഇന്നു വഴിപോക്കര്‍ പോലുമില്ലാതെ, ഒറ്റയ്ക്കാണ് .

ഓര്‍മ്മയില്‍ നൂറു നൂറു മുഖങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.......
ഒന്നും വ്യക്തമല്ല...........
ഒരുമുഖം മാത്രം മനസ്സില്‍ മായാതെ ഉണ്ട്

"മൈത്രേയി"

ഇന്നവള്‍ എവിടെയാണെന്നറിയില്ല........
ജീവനോടെ ഉണ്ടാകുമോ ?? 

സ്വന്തം കുഞ്ഞിനെ എന്‍റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ അവളുടെ  കണ്ണുകളില്‍ ജീവിതത്തിന്‍റെ തിളക്കമുണ്ടായിരുന്നില്ല .

മൈത്രേയി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന ദിവസം  മറക്കാനാവില്ല.
അവളുടെ വസ്ത്ര ധാരണം  തന്നയാണ് ആള്‍കൂട്ടത്തില്‍ അവളെ ശ്രദ്ധിക്കാന്‍ കാരണം,
ചുവന്ന പട്ടുപാവാടയും മുട്ടോളം നീളുന്ന സഞ്ചിയും.....................


വംശനാശം സംഭവിച്ചു എന്ന് ഞാന്‍ കരുതിയ വസ്ത്രം കണ്ടപ്പോള്‍ തോന്നിയ  ഒരു  കവുതുകം..............

എന്നും വൈകുനേരം അവള്‍ വരുന്നതും കാത്തിരിക്കുമായിരുന്നു  ഞാന്‍.

അവളുടെ കൂട്ടുകാരന്‍ എന്ന ഒറ്റ കാരണം കൊണ്ട് സാജനെ എനിക്ക് ഇഷ്ടമല്ലായിരുന്നു.
 അവള്‍ അയാളെ ഒരുപാടു സ്നേഹിച്ചിരുന്നു.
തമാശകളും , പൊട്ടിച്ചിരികളും , പരിഭവങ്ങളുമായി അവരുടെ വൈകുന്നേരം എന്‍റെ ഒപ്പമായിരുന്നു.

സാജന്‍ പോയാല്‍ പിന്നെ ഞങ്ങളുടെ ലോകമായിരുന്നു..........

സാജനെകാളും കൂടുതല്‍ അവളുടെ സ്വകാര്യതകള്‍ അറിഞ്ഞിരുന്നത് ഞാന്‍ ആണ് .
അയാളെകാളും ഞാന്‍ അവളെ സ്നേഹിച്ചിരുന്നു , അതുകൊണ്ട് തന്നെ ഒരു വാക്കുപോലും  പറയാതെ അവള്‍ പോയപ്പോള്‍ മനസ്സ്  ഒരുപാടു വേദനിച്ചതും.


ഒരുപാടു വൈകുനേരങ്ങള്‍ ഞാന്‍ അവള്‍ക്കുവേണ്ടി കാത്തിരുന്നു.
വന്നില്ല !
കാത്തിരുപ്പിന്‍റെ  ദൈര്‍ഘ്യം കുറഞ്ഞു................
പിന്നെ പിന്നെ ഞാന്‍ അവളെ കാത്തിരിക്കാതെയായി.

വര്‍ഷങ്ങള്‍ക്കു ശേഷം ഇരുണ്ട വെളിച്ചത്തില്‍ പോലും അവളുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു.


പരിഭവവും , പിണക്കവും  ഒക്കെ കാണിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ അവള്‍ ഒരുപാടു മാറി പോയിരുന്നു.
തമാശയും, ചിരിയുമില്ല....
അവളുടെ മാറില്‍ ചേര്‍ത്ത് പിടിച്ച തുണികെട്ടില്‍ രണ്ടു പിഞ്ചു കരങ്ങള്‍ ഇളകുന്നത് ഞാന്‍ കണ്ടു.

എന്‍റെ  മൈത്രേയിയുടെ കുഞ്ഞ്‌ !

ആ കുഞ്ഞിനെ എന്‍റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍,
അവളുടെ കണ്ണുകളിലുടെ ഒലിച്ചിറങ്ങിയത്,
മാതൃത്വമാണോ , കുറ്റബോധമാണോ , നിസ്സഹായതയാണോ ,
തിരിച്ചറിയാന്‍ എനിക്കു സാധിച്ചില്ലാ ............

 കാറ്റ് വളരെ അസ്വസ്ഥതയോടെ വീശികൊണ്ടിരുന്നു.........
എന്‍റെ കൈകള്‍ തണുത്ത്‌ വിറങ്ങലിച്ചു.
അവളുടെ തേങ്ങലുകള്‍ ആ ഇരുണ്ട വഴിയിലെവിടയോ നഷ്ട്പെട്ടു.


ഈ ലോകത്ത് എന്നെ മനസ്സിലാകിയ ഏക ജീവന്‍ അവളാണ്.
അതിനാലാവണം സ്വന്തം കുഞ്ഞിനെ ധൈര്യമായി എന്നെ ഏല്പിച്ചത്.

പക്ഷെ ഞാന്‍ ചെയ്തത് ?  ?  ?


എന്നോട് നീ ക്ഷമിക്കില്ലേ  മൈത്രേയി............

നിന്‍റെ കുഞ്ഞിനെ കൊന്നതിനു പകരമായി കിട്ടിയാതാണല്ലോ ഈ ഏകാന്തവാസം.


എന്തിനാണ് ഞാനതു ചെയ്തത് ? ?
നിങ്ങള്‍ അറിയണം .

ഒരു നേരം ആഹാരത്തിനായി കരയുമ്പോള്‍,നിങ്ങള്‍ ചെവി പൊത്തി നടക്കും.
നാളെ , തെരുവ് നായ്‌ക്കളോടൊപ്പം അവള്‍ വളരും .
നിങ്ങള്‍ അവളെ കല്ലെറിയും , ആട്ടി പായിക്കും.


പകല്‍ ;
നിങ്ങളെ പേടിച്ച്‌ അവള്‍ തെരുവ് വീഥികളില്‍ മറയും.
രാത്രി ;
ജീവിക്കാനായി അവള്‍ കിടക്ക പങ്കിടും.


'ജീവിതം തന്ന ദൈവം ,ജീവിക്കാനായി ചെയ്ത തെറ്റുകള്‍ കുറിച്ചിടും '


അന്ന് മരിക്കാനവാതെ അവളും , കൊല്ലാനാവാതെ  ഞാനും,
നിങ്ങളുടെ പുച്ഛമായ  നോട്ടങ്ങള്‍ക്കും , പരിഹാസങ്ങള്‍കും ഇരയാകേണ്ടി വരും .
ഇല്ലാ.................
എനിക്ക് അതു സഹിക്കാനാവില്ല .......................


കൊന്നൂ..................
എന്‍റെ പകുതി ശരീരം കൊടുത്തു ഞാനാ കുഞ്ഞിനെ കൊന്നൂ..............

പാര്‍ക്കില്‍ ആളുകളുടെ തിക്കുംതിരക്കും.

കാര്യമറിയാന്‍ വ്യഗ്രതകൂട്ടുന്ന മനസ്സുകള്‍.
കൂട്ടത്തിലാരോ കോര്‍പ്പറേഷന്‍കാരെ വിവരമറിയിച്ചു.


" ഏതോ തെണ്ടി കൊച്ച്" , ആരുടെയോ പരുക്കന്‍ ശബ്ദം അവിടെ മാറ്റൊലി  കൊണ്ടു.
ആ കുഞ്ഞിനെ കൈകൊണ്ടു തൊടാന്‍ വിമുഖത കാട്ടിയവരുടെ ഇടയില്‍,
ആ കുഞ്ഞ്‌ ജീവിക്കാതിരുന്നത്‌ എത്ര നന്നായി.

വെയിലിന്‍റെ കാഠിന്യം ഏറി കൊണ്ടിരുന്നു.
എന്‍റെ കണ്ണുനീര്‍ ആ പിഞ്ചു ശരീരത്തില്‍ കട്ടപിടിച്ചു തുടങ്ങി.


എന്‍റെ അരുകിലായി തന്നെ, മൈത്രേയിയുടെ കുഞ്ഞിനേയും ,എന്‍റെ ശരീരഭാഗങ്ങളെയും ചേര്‍ത്തവര്‍ കത്തിച്ചു.


ആ പിഞ്ചു ശരീരം എരിഞ്ഞമര്‍ന്നിടും , എന്‍റെ മുറ്റിയ കരങ്ങള്‍ എരിഞ്ഞുകൊണ്ടിരുന്നു........

ആ തീ അണയും മുന്‍പേ , എന്‍റെ ചോര ഉണങ്ങും മുന്‍പേ,
അയാള്‍ എന്‍റെ ശരീരത്തില്‍ ആണി അടിച്ചു കയറ്റി.
അതില്‍ ഒരു കുറിപ്പും .

"ഈ മരം ഏതു നേരവും കടപുഴകി വീഴാം,മാറി ഇരിക്കുക!" 











3 comments:

  1. നന്നായി എഴുതി...ഇനിയുമിനിയും പോരട്ടെ..

    ReplyDelete
  2. രമ്യാ, തുടരട്ടെ... :) ആശംസകള്‍

    ReplyDelete