Tuesday 29 November 2011

പട്ടുപ്പാവാട

 അടുക്കളയില്‍  കുന്നുകൂടി കിടക്കുന്ന പാത്രങ്ങള്‍ കണ്ടപ്പോള്‍ രഞ്ജിനിക്ക് മടുപ്പുതോന്നി.
പിറന്നാളും ആഘോഷവും നല്ലതു തന്നെ,പക്ഷെ അതുകഴിഞ്ഞാല്‍ പിന്നെ ഉള്ള വൃത്തിയാക്കല്‍ പരിപാടി അത്ര സുഖകരമല്ല.
മകളുടെ പിറന്നാള്‍ ആഡംബരം ആക്കുന്നത് ബാലേട്ടന് സ്റ്റാറ്റസ് സിംബലിന്‍റെ ഭാഗമാണ്.
കഴിഞ്ഞതവണ അതിന്‍റെ പേരില്‍ തുടങ്ങിയ വഴക്ക് പതിനെട്ടു ദിവസം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം പോലെയായിരുന്നു ,എന്താ പ്രയോജനം.............
ഇത്തവണയും ഗതി മറ്റൊന്നല്ല.
മനസ്സിലെ അരിശം പിറുപിറുക്കലില്‍ അവസാനിപിച്ചുകൊണ്ട്‌ രഞ്ജിനി അടുക്കള ഉപേക്ഷിച്ചു കിടപ്പുമുറിയിലേക്ക് നടന്നു.

അച്ഛന്‍ വാങ്ങിക്കൊടുത്ത പട്ടുപ്പാവാട ഊരി മാറ്റാന്‍ അനുവദികാതെ കിടന്നുറങ്ങുന്ന മകളെ കണ്ടപ്പോള്‍ രഞ്ജിനി തന്‍റെ അരിശം പാടെ മറന്നു   .
പട്ടുപാവാട ഉടുത്ത് ഉറങ്ങുന്ന മകളെ  കൌതുകതോടെ അവള്‍ നോക്കിയിരുന്നു .
തന്‍റെ മകള്‍ ഭാഗ്യവതിയാണ്‌!

മകളെ ഉണര്‍ത്താതെ പട്ടുപ്പാവാട ഊരി മാറ്റാന്‍ ശ്രമിക്കുമ്പോള്‍, രഞ്ജിനി തന്‍റെ ഓര്‍മ്മകളുടെ പട്ടുനൂലില്‍ ഒരു പട്ടുപാവാട നെയ്തെടുത്തു.
-----------------------------------------------------------------------------
തന്‍റെ എട്ടാമത്തെ പിറന്നാള്‍.
ആഘോഷങ്ങളും ആര്‍ഭാടങ്ങളും എന്തെന്നറിയാത്ത പിറന്നാള്‍.
പിറന്നാള്‍ കഴിഞ്ഞു രണ്ടാം ദിവസം സ്കൂള്‍ തുറക്കും.
സ്കൂള്‍ തുറക്കുന്ന ദിവസം അടുക്കുന്തോറും രഞ്ജിനിയുടെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു.
സ്കൂള്‍ തുറക്കാതിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു.

ആശ..............., തന്‍റെ കൂട്ടുകാരി.
അവളെ കാണുന്നതാണ് പ്രശ്നം.
ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാന്ന് ചോദിച്ചാല്‍ രഞ്ജിനിക്ക് അന്ന് ഒരുത്തരമേയുള്ളൂ...................ആശ.......
 അവധികാലം  തുടങ്ങുബോള്‍ രഞ്ജിനിക്ക് ആശയെ പിരിയുന്ന  വിഷമമാണ്.
മൂന്നാം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞു.
പോകാനുള്ള സമയം ഓര്‍മ്മപെടുത്തികൊണ്ട്   ആശയുടെ അച്ഛന്‍  സ്കൂട്ടറിന്‍റെ ഹോണ്‍ അടിച്ചു തുടങ്ങി.

ആശ തന്നെ അച്ഛന് പരിചയപെടുത്തി........
കൂട്ടത്തില്‍ സ്കൂള്‍ തുറക്കുമ്പോള്‍ ഞാനും രഞ്ജിനിയും പട്ടുപാവാടയാണ് ഇടുന്നത് എന്ന് കൂട്ടിചേര്‍ത്തു.

ആശയുടെയും അച്ഛന്‍റെയും സംസാരത്തില്‍ മുഴുകി നില്‍കുമ്പോള്‍ വീണ്ടും ഹോണടി ശബ്ദം,
സ്കൂള്‍ വാനിന്‍റെ ഹോണ്‍ അടി ശബ്ദം..................
  അത് തന്നെ വിളിക്കുന്നതാണെന്നു  രഞ്ജിനി അറിഞ്ഞില്ല.

വാനിന്‍റെ ഡ്രൈവര്‍, സമയം വൈകിച്ചതിന്‍റെ അരിശതോടെ രഞ്ജിനിയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് പോയി.
ഡ്രൈവറുടെ കൈകളിലൂടെ ദൂരേക്ക്‌ നഷ്ടപെടുന്ന രഞ്ജിനയെ നോക്കി ആശ ഉറക്കെ പറഞ്ഞു..................

'പിറന്നാളിന് അച്ഛനോട് പട്ടുപാവാട വാങ്ങിത്തരാന്‍ പറയണേ..............

ചുവന്ന പട്ടുപാവാട!'

അച്ഛന്‍റെ സ്കൂട്ടറിന്‍റെ മുന്നിലിരുന്നു പട്ടുപാവാടയും സ്വപ്നം കണ്ടു ആശ പോകുന്നതു, സ്കൂള്‍ വാനിന്‍റെ പുറകിലിരുന്നു നോക്കി കാണുമ്പോള്‍
രഞ്ജിനിയുടെ മനസ്സ് അസ്വസ്ഥമായി.

പട്ടുപാവാട വാങ്ങിത്തരാന്‍ തനിക്ക് അച്ഛനില്ല എന്ന് ആശക്ക്‌ അറിയില്ലലോ.
അച്ഛന്‍ ഇല്ല എന്നതില്‍ ഉപരി , പട്ടുപാവാട ഇല്ല എന്നതായിരുന്നു അവളുടെ വിഷമം.

അവധിക്കാലവും പിറന്നാളും , പട്ടുപാവാടയുടെ ചിന്തയിലെവിടയോ നഷ്ടപെട്ടു പോയി.
 സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. 

രാത്രി അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോള്‍ രഞ്ജിനി തന്‍റെ ആഗ്രഹം അമ്മയെ അറിയിച്ചു.

"എനിക്ക് പട്ടുപാവാട വേണം "
അമ്മ അതു കേട്ടഭാവം നടിച്ചില്ല.
അവള്‍ ഒരു പ്രസ്താവന എന്നോണം വീണ്ടു പറഞ്ഞു............................
"എനിക്ക് പട്ടുപാവാട വേണം ",ഇല്ലെങ്കില്‍ ഞാന്‍ സ്കൂളില്‍ പോകില്ല.
ഉള്ള ഉടുപ്പിട്ടു പോയാല്‍ മതി. 
പട്ടുപാവാടയുടെ കുറവേ ഉള്ളൂ..........
മനുഷനിവിടെ കഞ്ഞി കുടികാനുള്ള വഴി ആലോചികുമ്പോ.......ഒരു പട്ടുപാവാട............. ഹ്ഉം.
അമ്മയുടെ വാക്കുകളില്‍ ജീവിതത്തിന്‍റെ കഷ്ടപാടുകളുടെ കഥകള്‍ നീണ്ടു പോയി...........
പട്ടുപാവാട കിട്ടില്ല എന്നുറപ്പാണ്,എങ്കിലും രഞ്ജിനി ഒരു നിരാഹാരസമരത്തിനും കരച്ചിലിനും ഉള്ള വഴി വെട്ടിതെളിച്ചു.

ആഹാരത്തിന്‍റെ മുന്നിലിരുന്നു കരയുന്നോ? ?
അമ്മയുടെ ആക്രോശവും , ഓര്‍ക്കാപുറത്ത് പടേ.........പടേ....എന്നുള്ള അടിയും കരച്ചിലിന്‍റെ ആക്കം കൂട്ടി.
ചുവന്നു തടിച്ച അടിയുടെ പാടുകള്‍,ചുവന്ന പട്ടുപാവാടയെ വീണ്ടും ശക്തമായി ഓര്‍മപെടുത്തി കൊണ്ടിരുന്നു.................

സ്കൂള്‍ തുറക്കാതിരുന്നെങ്കില്‍...........,
 ആശ വരാതിരുന്നെങ്കില്‍.................,
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍...................,
പല പല ചിന്തകള്‍ അവളുടെ മനസ്സ് മെതിച്ചു കടന്നു പോയി.
താന്‍ പട്ടുപാവാട ഇട്ടുനില്‍ക്കുന്ന ചിത്രം അവള്‍ വീണ്ടും വീണ്ടും മനസ്സില്‍ വരച്ചുകൊണ്ടിരുന്നു           -----------------------------------------------------------
               ജൂണ്‍ മാസം പിറന്നത്‌ അറിയിച്ചുകൊണ്ട് മഴ തകര്‍ത്തു പെയ്തു....
വിറയ്ക്കുന്ന മനസുമായി രഞ്ജിനി സ്കൂളിലെക്ക് യാത്ര തിരിച്ചു.

ആശ തന്നെ കാത്തു നില്‍പ്പുണ്ട്. ചുവന്ന പട്ടുപാവാടയില്‍ അവളെ കാണാന്‍ നല്ല ഭംഗിയായിരുന്നു.
 രഞ്ജിനി തന്‍റെ നീല ഫ്രോക്കിലേക്ക് നോക്കി.......
 ആശ ഒന്നും ഉരിയാടാതെ ക്ലാസ്സിലേക്ക് പോയി.
             ---------------------------------------------
 അന്ന്,
ആശ രണ്ടു ദിവസം തന്നോട് മിണ്ടാതിരുന്നതിന്‍റെ ദുഖം,
ഇന്ന് ,ബാലേട്ടന്‍ പത്തു ദിവസം മിണ്ടാതിരുന്നാലും ഉണ്ടാവില്ല എന്നവള്‍ ഓര്‍ത്തു.
പ്രായം വേദനകള്‍ സഹിക്കാനുള്ള കഴിവും തരുമായിരിക്കും ............

'അഞ്ചാം ക്ലാസ്സ്‌ തുറക്കുമ്പോള്‍ പട്ടുപാവാട ഇട്ടു വരാം'      എന്ന രഞ്ജിനിയുടെ  ഉറപ്പിന്‍മേല്‍ ആശ  
പിണക്കത്തിന്‍റെ വന്‍ മതില്‍ പൊളിച്ചു നീക്കി.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു...........
വേനല്‍ കാലവും വന്നെത്തി.
പട്ടുപാവാടയുടെ കാര്യം ഓര്‍മപെടുത്തി കൊണ്ട്   ആശ അച്ഛന്‍റെ സ്കൂട്ടറില്‍ കയറി പോകുമ്പോള്‍
രഞ്ജിനിയുടെ മനസ്സില്‍ അമ്മയുടെ അടിയുടെ പാടുകള്‍ പൊങ്ങി വന്നു.........

വീണ്ടും ജൂണ്‍ മാസം പിറന്നത്‌ അറിയിച്ചുകൊണ്ട് മഴ തകര്‍ത്തു പെയ്തുകൊണ്ടിരുന്നു..........

രഞ്ജിനി തന്‍റെ നീല ഫ്രോക്കിലേക്ക് നോക്കി.......              പുതിയ സ്കൂളിലേക്ക് പോകാനായി ബസ്‌ കാത്തുനില്‍കുമ്പോള്‍ ,അവളുടെ മനസ്സില്‍ കുറ്റബോധം നിറഞ്ഞു.
ആശ തന്നെ കാത്തു പഴയ സ്കൂള്‍ വരാന്തയില്‍ നില്‍പുണ്ടാവും ....................

ആശ എത്ര നാള്‍ തന്നെ കാത്തു നിന്നിട്ടുണ്ടാവും??
അറിയില്ല .
--------------------------------------------------------------------------------                     മുപ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
ആശയെ പിന്നെ കണ്ടിട്ടേയില്ല.
പട്ടുപാവാട കാണുമ്പോള്‍ ആശ തന്നെ ഓര്‍ക്കുമോ ??

മകളുടെ പട്ടുപാവാട മടക്കി വയ്ക്കുമ്പോള്‍ ഒരു മൂടല്‍ മഞ്ഞുപോലെ രഞ്ജിനിയെ വിഷാദം മൂടിയിരുന്നു...........

Wednesday 9 November 2011

നിങ്ങളറിയാന്‍

നിങ്ങളെ  പോലെ  എന്‍റെ ഉള്ളിലുമുണ്ട് ; ജീവന്‍റെ തുടിപ്പും , സുഖദുഃഖങ്ങളോടുള്ള  തിരിച്ചറിവും, സന്തോഷവും  ദുഖവും  പ്രകടമാക്കാനുള്ള കഴിവും ഒക്കെ.
ഒരു പക്ഷെ  നമ്മുടെ രീതികള്‍  രണ്ടാവം.
ഞാനും  നിങ്ങളും തമ്മിലുള്ള  വ്യത്യാസം ഒന്നുമാത്രം - 'ഞാന്‍ നിങ്ങളെ അറിയുന്നു , നിങ്ങളുടെ  വികാരങ്ങള്‍ അറിയുന്നു ; നിങ്ങള്‍  എന്നെ  അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നില്ല' .

എന്‍റെയും നിങ്ങളുടെയും  ജീവന്‍റെ തുടിപ്പുകള്‍  ഒന്നാണ്.
ഞാനും  നിങ്ങളെപോലെ ഒരു ജീവിതത്തിന്‍റെ ബാക്കി  പത്രമാണ്.
എന്നിട്ടും എന്തുകൊണ്ടോ നിങ്ങള്‍ എന്നെ അറിയുന്നില്ല.

നിങ്ങളോട്  ചോദിക്കാനുള്ള ഒരുപാട് ചോദ്യങ്ങള്‍  എന്‍റെ ഉള്ളില്‍ ശ്വാസം മുട്ടി  മരിച്ചുകൊണ്ടിരിക്കുന്നു.......

എന്നെ അറിയാന്‍ ശ്രമിക്കാത്ത നിങ്ങള്‍ എങ്ങനെ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം  നല്‍കും ? ?  
 എന്‍റെ ഈ പുലമ്പല്‍  നിങ്ങള്‍ക്ക് ഭ്രാന്തമായി തോന്നാം. സ്വാഭാവികം !

എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒന്നുണ്ട് ;
എന്തിനാണ് അയാള്‍  എന്നെ മറ്റുള്ളവരില്‍നിന്നു അകറ്റി  നിര്‍ത്തുന്നത്  എന്ന്  ? ?

ഞാനിന്ന്‌ ഒറ്റയ്ക്കാണ് ! !
മരണം വരെ ഒറ്റയ്ക്കായിരിക്കും , അയാള്‍ കാരണം .

സ്വന്തം ആയുസ്സിന്‍റെ കണക്ക്  അറിയാത്ത അയാള്‍,എന്‍റെ ആയുസ്സിന്‍റെ വിധി നിര്‍ണയിക്കുന്നൂ........ കഷ്ടം !
അയാള്‍ അറിയാനിരിക്കുന്നതേയുള്ളൂ,കണ്ടാല്‍ തോന്നുന്ന ക്ഷീണം എന്‍റെ ഉള്ളിലെ പച്ചപ്പിന്നെ ബാധിച്ചിട്ടില്ല എന്ന്.

ഞാനാരോടായീ പറയുന്നത് ? ?
നിങ്ങളും അയാളുടെ കൂട്ടാളികള്‍ അല്ലേ ?
അയാളുടെ കുറുപ്പടി കണ്ട്‌ , സത്യം എന്തെന്ന് അറിയാതെ എന്നെ ഭയന്നോടുന്നവര്‍ ........

ഞാനീ പറയുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലാ എന്ന് എനിക്ക് അറിയാം ,
എങ്കിലും മനസ്സിനെന്തൊരാശ്വാസം.

ഓര്‍മ്മവച്ച നാള്‍മുതല്‍ ആരെങ്കിലും ഒക്കെ കൂട്ടിനുണ്ടായിരുന്നു...........
ഇന്നിപ്പോ.........
ഇനിയുള്ള നാളുകളും ശൂന്യം ! 

എത്രയെത്ര യുവ മിഥുനങ്ങള്‍ കൂട്ടിനുണ്ടായിരുന്ന ഞാന്‍ ,
ഇന്നു വഴിപോക്കര്‍ പോലുമില്ലാതെ, ഒറ്റയ്ക്കാണ് .

ഓര്‍മ്മയില്‍ നൂറു നൂറു മുഖങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.......
ഒന്നും വ്യക്തമല്ല...........
ഒരുമുഖം മാത്രം മനസ്സില്‍ മായാതെ ഉണ്ട്

"മൈത്രേയി"

ഇന്നവള്‍ എവിടെയാണെന്നറിയില്ല........
ജീവനോടെ ഉണ്ടാകുമോ ?? 

സ്വന്തം കുഞ്ഞിനെ എന്‍റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ അവളുടെ  കണ്ണുകളില്‍ ജീവിതത്തിന്‍റെ തിളക്കമുണ്ടായിരുന്നില്ല .

മൈത്രേയി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന ദിവസം  മറക്കാനാവില്ല.
അവളുടെ വസ്ത്ര ധാരണം  തന്നയാണ് ആള്‍കൂട്ടത്തില്‍ അവളെ ശ്രദ്ധിക്കാന്‍ കാരണം,
ചുവന്ന പട്ടുപാവാടയും മുട്ടോളം നീളുന്ന സഞ്ചിയും.....................


വംശനാശം സംഭവിച്ചു എന്ന് ഞാന്‍ കരുതിയ വസ്ത്രം കണ്ടപ്പോള്‍ തോന്നിയ  ഒരു  കവുതുകം..............

എന്നും വൈകുനേരം അവള്‍ വരുന്നതും കാത്തിരിക്കുമായിരുന്നു  ഞാന്‍.

അവളുടെ കൂട്ടുകാരന്‍ എന്ന ഒറ്റ കാരണം കൊണ്ട് സാജനെ എനിക്ക് ഇഷ്ടമല്ലായിരുന്നു.
 അവള്‍ അയാളെ ഒരുപാടു സ്നേഹിച്ചിരുന്നു.
തമാശകളും , പൊട്ടിച്ചിരികളും , പരിഭവങ്ങളുമായി അവരുടെ വൈകുന്നേരം എന്‍റെ ഒപ്പമായിരുന്നു.

സാജന്‍ പോയാല്‍ പിന്നെ ഞങ്ങളുടെ ലോകമായിരുന്നു..........

സാജനെകാളും കൂടുതല്‍ അവളുടെ സ്വകാര്യതകള്‍ അറിഞ്ഞിരുന്നത് ഞാന്‍ ആണ് .
അയാളെകാളും ഞാന്‍ അവളെ സ്നേഹിച്ചിരുന്നു , അതുകൊണ്ട് തന്നെ ഒരു വാക്കുപോലും  പറയാതെ അവള്‍ പോയപ്പോള്‍ മനസ്സ്  ഒരുപാടു വേദനിച്ചതും.


ഒരുപാടു വൈകുനേരങ്ങള്‍ ഞാന്‍ അവള്‍ക്കുവേണ്ടി കാത്തിരുന്നു.
വന്നില്ല !
കാത്തിരുപ്പിന്‍റെ  ദൈര്‍ഘ്യം കുറഞ്ഞു................
പിന്നെ പിന്നെ ഞാന്‍ അവളെ കാത്തിരിക്കാതെയായി.

വര്‍ഷങ്ങള്‍ക്കു ശേഷം ഇരുണ്ട വെളിച്ചത്തില്‍ പോലും അവളുടെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു.


പരിഭവവും , പിണക്കവും  ഒക്കെ കാണിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ അവള്‍ ഒരുപാടു മാറി പോയിരുന്നു.
തമാശയും, ചിരിയുമില്ല....
അവളുടെ മാറില്‍ ചേര്‍ത്ത് പിടിച്ച തുണികെട്ടില്‍ രണ്ടു പിഞ്ചു കരങ്ങള്‍ ഇളകുന്നത് ഞാന്‍ കണ്ടു.

എന്‍റെ  മൈത്രേയിയുടെ കുഞ്ഞ്‌ !

ആ കുഞ്ഞിനെ എന്‍റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍,
അവളുടെ കണ്ണുകളിലുടെ ഒലിച്ചിറങ്ങിയത്,
മാതൃത്വമാണോ , കുറ്റബോധമാണോ , നിസ്സഹായതയാണോ ,
തിരിച്ചറിയാന്‍ എനിക്കു സാധിച്ചില്ലാ ............

 കാറ്റ് വളരെ അസ്വസ്ഥതയോടെ വീശികൊണ്ടിരുന്നു.........
എന്‍റെ കൈകള്‍ തണുത്ത്‌ വിറങ്ങലിച്ചു.
അവളുടെ തേങ്ങലുകള്‍ ആ ഇരുണ്ട വഴിയിലെവിടയോ നഷ്ട്പെട്ടു.


ഈ ലോകത്ത് എന്നെ മനസ്സിലാകിയ ഏക ജീവന്‍ അവളാണ്.
അതിനാലാവണം സ്വന്തം കുഞ്ഞിനെ ധൈര്യമായി എന്നെ ഏല്പിച്ചത്.

പക്ഷെ ഞാന്‍ ചെയ്തത് ?  ?  ?


എന്നോട് നീ ക്ഷമിക്കില്ലേ  മൈത്രേയി............

നിന്‍റെ കുഞ്ഞിനെ കൊന്നതിനു പകരമായി കിട്ടിയാതാണല്ലോ ഈ ഏകാന്തവാസം.


എന്തിനാണ് ഞാനതു ചെയ്തത് ? ?
നിങ്ങള്‍ അറിയണം .

ഒരു നേരം ആഹാരത്തിനായി കരയുമ്പോള്‍,നിങ്ങള്‍ ചെവി പൊത്തി നടക്കും.
നാളെ , തെരുവ് നായ്‌ക്കളോടൊപ്പം അവള്‍ വളരും .
നിങ്ങള്‍ അവളെ കല്ലെറിയും , ആട്ടി പായിക്കും.


പകല്‍ ;
നിങ്ങളെ പേടിച്ച്‌ അവള്‍ തെരുവ് വീഥികളില്‍ മറയും.
രാത്രി ;
ജീവിക്കാനായി അവള്‍ കിടക്ക പങ്കിടും.


'ജീവിതം തന്ന ദൈവം ,ജീവിക്കാനായി ചെയ്ത തെറ്റുകള്‍ കുറിച്ചിടും '


അന്ന് മരിക്കാനവാതെ അവളും , കൊല്ലാനാവാതെ  ഞാനും,
നിങ്ങളുടെ പുച്ഛമായ  നോട്ടങ്ങള്‍ക്കും , പരിഹാസങ്ങള്‍കും ഇരയാകേണ്ടി വരും .
ഇല്ലാ.................
എനിക്ക് അതു സഹിക്കാനാവില്ല .......................


കൊന്നൂ..................
എന്‍റെ പകുതി ശരീരം കൊടുത്തു ഞാനാ കുഞ്ഞിനെ കൊന്നൂ..............

പാര്‍ക്കില്‍ ആളുകളുടെ തിക്കുംതിരക്കും.

കാര്യമറിയാന്‍ വ്യഗ്രതകൂട്ടുന്ന മനസ്സുകള്‍.
കൂട്ടത്തിലാരോ കോര്‍പ്പറേഷന്‍കാരെ വിവരമറിയിച്ചു.


" ഏതോ തെണ്ടി കൊച്ച്" , ആരുടെയോ പരുക്കന്‍ ശബ്ദം അവിടെ മാറ്റൊലി  കൊണ്ടു.
ആ കുഞ്ഞിനെ കൈകൊണ്ടു തൊടാന്‍ വിമുഖത കാട്ടിയവരുടെ ഇടയില്‍,
ആ കുഞ്ഞ്‌ ജീവിക്കാതിരുന്നത്‌ എത്ര നന്നായി.

വെയിലിന്‍റെ കാഠിന്യം ഏറി കൊണ്ടിരുന്നു.
എന്‍റെ കണ്ണുനീര്‍ ആ പിഞ്ചു ശരീരത്തില്‍ കട്ടപിടിച്ചു തുടങ്ങി.


എന്‍റെ അരുകിലായി തന്നെ, മൈത്രേയിയുടെ കുഞ്ഞിനേയും ,എന്‍റെ ശരീരഭാഗങ്ങളെയും ചേര്‍ത്തവര്‍ കത്തിച്ചു.


ആ പിഞ്ചു ശരീരം എരിഞ്ഞമര്‍ന്നിടും , എന്‍റെ മുറ്റിയ കരങ്ങള്‍ എരിഞ്ഞുകൊണ്ടിരുന്നു........

ആ തീ അണയും മുന്‍പേ , എന്‍റെ ചോര ഉണങ്ങും മുന്‍പേ,
അയാള്‍ എന്‍റെ ശരീരത്തില്‍ ആണി അടിച്ചു കയറ്റി.
അതില്‍ ഒരു കുറിപ്പും .

"ഈ മരം ഏതു നേരവും കടപുഴകി വീഴാം,മാറി ഇരിക്കുക!"