Monday 19 December 2022

"അകൽച്ച "


             ജീവിതത്തിൽ മറ്റു വികാരങ്ങൾ എല്ലാം തന്നെ നമ്മൾ പെട്ടന്ന് തിരിച്ചു അറിയാറുണ്ട്. എന്നാൽ അകൽച്ച ; ആ വികാരം വളരെ വൈകി ആണ് പലരും തിരിച്ചറിയുന്നത്... ചിലപ്പോൾ തിരിച്ചറിയാതെ പോകുന്ന വികാരങ്ങളിൽ ഒന്നായി അത് മാറാറുണ്ട് എന്ന് തോന്നിയിട്ടുണ്ട് .

ബന്ധം ഏതും ആവട്ടെ.......

അച്ഛനോ ?

അമ്മയോ ?

കൂടെപ്പിറപ്പോ ?

സുഹൃത്തോ ?

കാമുകനോ ?

ഭർത്താവോ ?

മക്കളോ ?

അകൽച്ച എന്ന വികാരം നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും..........

എന്നാൽ അത്  നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ?

റോഡിൽ കൂടി  നടന്നു പോകുമ്പോൾ ,നിങ്ങൾ ചൂണ്ടി കാണിച്ച സാധനങ്ങൾ, കൈയിൽ  ഉള്ള കാശ് നുള്ളി പെറുക്കി അച്ഛൻ 
സന്തോഷത്തോടെ വാങ്ങി തരുമ്പോൾ നിങ്ങൾ അനുഭവിച്ച ആനന്ദം അതെ അളവിൽ നിങ്ങൾക്കു ഇന്ന് അച്ഛൻ വാങ്ങി തരുന്ന സാധനത്തിൽ നിന്ന്  അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?

എവിടെയോ നഷ്ടപ്പെട്ടുപോയ ആ ആനന്ദത്തിനെ നിങ്ങൾ എന്തായി കാണുന്നു?

നിങ്ങളെ കൂടാതെ യാത്ര പോയ 'അമ്മ, വരാൻ  വൈകുമ്പോൾ നിങ്ങൾ അനുഭവിച്ച വ്യാകുലത.... അതെ അളവിൽ....  
ഇന്ന്,  'അമ്മ യെ കാണാത്തപ്പോൾ നിങ്ങൾ അനുഭവിക്കുന്നുണ്ടോ ?

എവിടെയോ നഷ്ടപ്പെട്ടുപോയ ആ വ്യാകുലതയെ നിങ്ങൾ എന്തായി കാണുന്നു?

സ്കൂളിൽ ആരുടെയോ പിറന്നാളിന് ലഭിച്ച മിഠായി ,കൊതിയോടെ നിങ്ങളുടെ കൂടെപ്പിറപ്പിനായി മാറ്റി വയ്ക്കുമ്പോള് ഉണ്ടായ ത്യാഗ മനോഭാവം...
ഇന്ന്,  അതെ അളവിൽ നിങ്ങളിൽ നിലനിൽക്കുന്നുണ്ടോ ?

നിങ്ങൾ അറിയാതെ എവിടെയോ നഷ്ടപ്പെട്ടുപോയ ആ ത്യാഗ മനോഭാവത്തെ നിങ്ങൾ എന്തായി കാണുന്നു ?
 
ഒരിക്കൽ ,ക്ലാസ് മുറികൾക്കുള്ളിൽ വാ തോരാതെ സംസാരിച്ചു ചിരിച്ചു കൊണ്ടിരുന്ന സുഹൃത്തിനോട് വര്ഷങ്ങള്ക്കു ഇപ്പുറം, കാണുമ്പോൾ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ ?

നിങ്ങളുടെ ഇടയിൽ വന്നുപെട്ട വിഷയ ദാരിദ്ര്യത്തെ നിങ്ങൾ എന്തായി കാണുന്നു ?

പ്രണയം അന്ധം ആണെന്ന് സ്ഥാപിച്ചു കൊണ്ട്‌ കാമുകൻന്റെ കൈ ചേർത്ത് പിടിച്ചു ആവേശത്തോടെ നടന്നു പോയ മനോഹര വീഥികൾ പിന്നീട് കൈ വേർപെടുത്തി ഒറ്റയ്ക്കു  തിരികെ നടക്കുമ്പോൾ ....

ആ  നഷ്ടപ്പെട്ട് പോയ ആവേശത്തെ നിങ്ങൾ എന്തായി കാണുന്നു ? 

നേരവും കാലവും നോക്കി ഭർത്താവു കെട്ടിയ താലി, പ്രതീക്ഷയുടെ അടയാളമായി കൂടെ കൊണ്ട്‌ നടന്ന നിങ്ങൾ... പിന്നീട് എപ്പോഴോ ,അത്, നേരവും കാലവും നോക്കാതെ ഊരി മാറ്റിയപ്പോൾ....

നഷ്ടപ്പെട്ട് പോയ പ്രതീക്ഷയെ നിങ്ങൾ എന്തായി കാണുന്നു ?

സ്വന്തം ശരീരത്തിൽ നിന്ന് പൊട്ടി മുളച്ചു വേർപെട്ട മക്കൾ വട വൃക്ഷം പോലെ വളർന്നു സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ മുന്നോട്ടു ഓടുമ്പോൾ....

പിന്നിൽ ആയി പോയ നിങ്ങളുടെ ഉള്ളിൽ ഉളവായ അരക്ഷിതാവസ്ഥയെ  നിങ്ങൾ എന്തായി കാണുന്നു ?

നിങ്ങൾ ഇതൊക്കെ എന്തായി കാണുന്നു എന്ന് എനിക്ക് അറിയില്ല !

എന്തായി കണ്ടാലും ശെരി....

യാഥാർഥ്യം ഒന്ന് മാത്രം!!!!

ഇതാണ് ആരും  അറിയാതെ പോകുന്ന അകൽച്ചയുടെ തുടക്കവും ഒടുക്കവും.

പറഞ്ഞു അറിയിക്കാൻ പറ്റാത്തതും.....
നിബന്ധനകൾ ഇല്ലാത്തതും .......

അനുഭവിച്ചറിയാൻ വൈകുന്നതുമായ,
 ഒരു മഹാ പ്രതിഭാസം ആണ് അകൽച്ച !!!


💓--രമ്യാ ഗിരിജ--💓